Tuesday, 15 February 2011

നമ്മൾ വൃത്തികേടെന്നും തെറ്റെന്നും നെഗറ്റിവ് എന്നും ഒക്കെ കരുതുന്ന ചില കാര്യങ്ങൾ എങ്ങനെയൊക്കെ നല്ലതാണ്‌

http://www.facebook.com/#!/subid.ahimsa

നമ്മൾ വൃത്തികേടെന്നും തെറ്റെന്നും നെഗറ്റിവ് എന്നും ഒക്കെ കരുതുന്ന ചില കാര്യങ്ങൾ എങ്ങനെയൊക്കെ നല്ലതാണ്‌ എന്നാണ്‌ ഞാൻ എഴുതുന്നത്. നമ്മുടെ ധാരണ തെറ്റാണെങ്കിൽ എത്ര മാത്രം ഭീമാബദ്ധമായിരിക്കും, അത് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്! നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളെ തിരുത്താതെ ഒരു ദൈവത്തിനും നമ്മെ രക്ഷിക്കാൻ ആവില്ലാ. അതുകൊണ്ട് എഴുതുന്നു. ശരിയെന്നു തോന്നിയാൽ കൂട്ടുകാരോട് പറയുക! നമ്മളിൽ പകുതിയെ തെറ്റുകാരും കള്ളന്മാരുമാക്കുന്ന നമ്മളെത്തന്നെ തിരിച്ചരിയുക!

1.വൃത്തി.

2.കളവ്.

3.വ്യഭിചാരം.

4.കേടായ റോഡ്

5.അഴിമതി

എന്താണ്‌ വൃത്തി? വൃത്തികേട് എന്നു 'നമ്മൾ' പറയുന്നതും അറിയുന്നതും യഥാർത്ഥത്തിൽ വൃത്തിയോ? അഥവാ അതാണ്‌ വൃത്തിയെങ്കിൽ അതു നമുക്കു നല്ലതാണോ?

ജീവനും വൃത്തിയും തമ്മിൽ ബന്ധപ്പെടുത്തിയാൽ "വൃത്തി" കുറഞ്ഞിടത്ത് "ജീവൻ" കൂടിയിരിക്കുന്നതായി കാണാം. മണ്ണ്, ചെളി, പുല്ല്, കാട് ഇതൊക്കെ വൃത്തിയുടെ ബിംബങ്ങളാകുമ്പോൾ മാർബിൾ, വെളുപ്പ്, ഒരിലപോലും കാണാത്ത മുറ്റം ഇതൊക്കെ വൃത്തിയുടെയും പര്യായമാകുന്നു. ഇങ്ങനെയുള്ള വൃത്തിസങ്കല്പം നമ്മളെ മനപ്പൂർവ്വം പഠിപ്പിച്ചിരുന്നതാവാം അധീശശക്തികളെങ്കിലും(മതങ്ങളും?) ഇന്നെങ്കിലും നാം യാഥാർത്ഥ്യം അറിയണം. അല്ലെങ്കിൽ മാവോയിസ്റ്റ്, ആദിവാസി, ദളിത് പ്രശ്നങ്ങൾ ഒരിക്കലും തീരില്ലാ. കാടും മനുഷ്യസ്പർശമേൽക്കാത്ത മറ്റ് ഇടങ്ങളുമാണ്‌ ഏറ്റം വൃത്തിയുള്ളത് എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. ആർത്തി വൃത്തികേടാണ്‌. അതുമായി പോകുന്ന മനുഷ്യന്‌ അവിടങ്ങളിൽ താമസിക്കുന്ന ആദിവാസികൾ വൃത്തികെട്ടവരായി തോന്നാം. നമുക്കു ചുറ്റും നോക്കിയാലും ഇതേ വൃത്തിബോധം എങ്ങനെ മണ്ണിനെയും മണ്ണിന്റെ മക്കളെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു എന്നു കാണാം. ഈ വൃത്തി മരണത്തിന്റെ പര്യായമാണ്‌. ചുമ്മാതല്ല, പണ്ടുള്ളവർ ചൂൽ ഒരപശകുനമായി കണ്ടത്!

അതേപോലെ അത്തരം കാടൻസമൂഹങ്ങളിൽ നിലനിന്നിരുന്ന ഇഷ്ടപ്പെട്ട ആളിന്റെ കൂടെ പൊറുക്കാനുള്ള അവകാശം ഇഷ്ടമുള്ളതൊക്കെ കിട്ടുന്ന അവസ്ഥ, ഇതൊക്കെ പൊളിച്ചടുക്കിയാലേ ഇവിടെ നിലയുറപ്പിയ്ക്കാനാകൂ എന്നുമനസ്സിലാക്കിയ പ്രതിലോമശക്തികൾ ആദ്യം മതം മാറ്റി(യുദ്ധങ്ങൾക്ക് ശേഷം-അത് ചെലവു കൂടും, റിസ്കും, ഇതു പിന്നെ സ്ഥിരം സംവിധാനമല്ലേ!). പിന്നെ അതിന്‌ എതിർപ്പുകൾ വന്നപ്പോൾ വിദ്യ അഭ്യസിപ്പിക്കലായി. ഇപ്പോ ദേ വികസനവും. ഈ വൃത്തി, വിദ്യാഭ്യാസ, വികസനസങ്കല്പങ്ങൾ നമുക്കുവേണ്ടിയല്ല എന്ന് നാം എപ്പോഴാണ്‌ തിരിച്ചറിയുന്നത്! എല്ലാം ഉണ്ടായിരുന്ന, എല്ലാം എല്ലാവരുടേതായിരുന്ന കാട്ടിൽ നിന്നും കട്ടെടുത്ത മുതലുകളിൽ നിന്നും മുതലാളിമാരുണ്ടായി. ഗ്രാമങ്ങളും പട്ടണങ്ങളുമുണ്ടായി. ആരാണ്‌ കള്ളന്മാർ? ഈ കള്ളന്മാരുടെ വീടുകളിൽ, കച്ചവടസ്ഥാപനങ്ങൾ എന്ന പൂഴ്ത്തിവെപ്പുകേന്ദ്രങ്ങളിൽ ജീവിയ്ക്കാൻ വേണ്ടി "കക്കു"ന്നവരോ? ഇപ്പോഴും ഇതു തുടർന്നുകൊണ്ടിരിക്കുന്നു. പൊതുജനത്തിന്‌ കാര്യം അറിയാം. അതുകൊണ്ടാണല്ലൊ, നല്ല കള്ളന്മാരായ മീശമാധവൻ, റോബിൻഹൂഡ്, കായംകുളം കൊച്ചുണ്ണി ഇവരൊക്കെ ജനത്തിന്‌ പ്രിയപ്പെട്ടവരായത്. അറിയാത്തത് ഭരണവർഗ്ഗത്തിന്‌ മാത്രം, അവർ ഇത് "അറിയാൻ" യാതൊരു സാധ്യതയും ഇല്ല്ല്ലല്ലോ! ജനങ്ങളായ നമ്മൾ അറിയുക. ജയിലുകളും കള്ളനും പോലീസും കുറ്റക്കാരും പട്ടാളവും ലൈംഗികാതിക്രമങ്ങ ളു മില്ലാത്ത ലോകത്തിനു വേണ്ടി. - പേടിയ്ക്കണ്ട, ജോലി പോകും എന്നു പേടിച്ച് സത്യം അറിയാതിരിക്കേണ്ട. പഴയ ജീർണ്ണിച്ച ജോലികളല്ല, സ്വർഗ്ഗമാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്. നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത എല്ലാം ഇഷ്ടം പോലെയുള്ള ഒരു ലോകം. അപ്പോ നമ്മളൊക്കെ ഇനിയെങ്കിലും നോക്കിയും കണ്ടും ജീവിച്ചാൽ നമുക്കു നന്ന്‌. നമ്മുടെ മക്കൾക്കും, ഭൂമിയ്ക്കും. ദൈവത്തിന്റെ പ്രതിരൂപങ്ങളായ കുട്ടികൾ മനുഷ്യന്റെ "വിദ്യ" അഭ്യാസത്തെ ഇഷ്ടപ്പെടാത്തതും മറ്റൊന്നുകൊണ്ടുമല്ല. അത് പ്രകൃതിവിരുദ്ധമായതുകൊണ്ടാണ്‌.

പണ്ട് നായന്മാരുടെ ഒരു സംസ്കാരമുണ്ടായിരുന്നു, ഇതിനൊക്കെ ഇടയിൽ, ഇതൊക്കെ മനസ്സിലാക്കി, ഒരു മധ്യപാത. കാട് നിലനിർത്തി, കാവാക്കി ആരാധിക്കുകയും, ആരാധന തൊഴിലായപ്പോൾ അന്യം വന്നതുമായ ഒരു സംസ്കാരം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇഷ്ടമായ ഇണകളെ സ്വീകരിക്കാൻ സ്വാതന്ത്ര്യം നൽകിയിരുന്ന ഒരു സംസ്കാരം. അതും തൊഴിലായപ്പോൾ നഷ്ടമായെന്നുവേണം കരുതാൻ. അതിലേക്കു മടങ്ങിപ്പോകണൊ? സ്ത്രീകൾ ഭരിച്ചിരുന്ന കുടുംബങ്ങളും(ഈഴവ) ഇവിടെ ഉണ്ടായിരുന്നു. അതോ, എന്റെ അമ്മാമ പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ വൃത്തികെട്ടതായി. വാസ്തവത്തിൽ ഇതൊക്കെ വൃത്തികെട്ടതായി നമ്മെ പഠിപ്പിക്കുന്നതല്ലേ!പൊതുസ്ഥലത്ത് കുളി ഇന്ന് എത്ര സ്ഥലത്തുണ്ട്? ഇതൊക്കെ ഇല്ലാതാവുന്നതിനെ നാം "വികസനം" എന്നു പറയുന്നു! എത്രത്തോളം അടിമകളാണോ അത്രയും നാം വികസിച്ചു! ഹാവൂ! ഇനി ഇതു പുറത്തുനിന്നും വന്നവരുടെയല്ല, നമ്മുടെ കുറ്റം കൊണ്ടുതന്നെയാണ്‌ എന്നുവരുമോ? കാമ-ക്രോധ-മോഹ-ലോഭങ്ങൾ? എങ്കിലും എനിക്ക്‌ പ്രകൃതിയിൽ വിശ്വാസമുണ്ട്. തെറ്റുകൾക്ക് പ്രതിഫലമായി അവർ കുട്ടികളെ സൃഷ്ടിയ്ക്കുന്നു. അവർ പുതിയ വഴികൾ കണ്ടെത്തുന്നു. കറ നല്ലതാണ്‌ എന്ന് പരസ്യം ചെയ്യാൻ നമ്മൾ നിർബന്ധിതരാവുന്നതും അങ്ങനെയാണ്‌.

കേടായ റോഡ് നടക്കുന്നവർക്ക് നല്ലതാണ്‌. ജീവികൾക്കും. അത്തരം റോഡ് ഉള്ള സ്ഥലങ്ങളിൽ താമസവും സുഖമാവും. വെള്ളം ഉണ്ടാവും. പുതിയ റബ്ബറൈസ്ഡ് റോഡുകൾ വാഹനങ്ങൾ, പ്രത്യേകിച്ചും, എ.സി. ഒക്കെയുള്ള വണ്ടിയിൽ പോകുന്നവർക്ക് സുഖമാവും. പെരും ചൂടാവും. നടക്കാനേ പറ്റില്ല, അത്തരം റോഡുകളിൽ. ചിന്തിക്കൂ. ഇനി വണ്ടി ഗട്ടെറിൽ വീഴുമ്പൊ പ്രാകാതിരിക്കൂ. കൂടുതൽ ഊർജ്ജ ഉപയോഗം കുറഞ്ഞ മാർഗ്ഗങ്ങൾ ഉപയോഗിക്കൂ. എളുപ്പത്തിൽ ജീവിച്ചാൽ അധികം പോവില്ല എന്നു മനസ്സിലാക്കൂ. നമ്മുടെ മക്കൾക്കു വേണ്ടിയെങ്കിലും. കാരണം നാം അവരെ സഷ്ടിക്കുമ്പോൾ അവർക്കു വേണ്ടത് നൽകാൻ നാം ബാധ്യസ്ഥരാണ്‌.നല്ലത് ചിന്തിച്ച് തീരുമാനിക്കിൻ കാരണം ശരികൾ തെറ്റുകളാകുമ്പോൾ ശരി ചെയ്യുന്നവർ തെറ്റുകാരാവുന്നു. നിയമത്തിന്‌ കണ്ണുവേണം. കണ്ണുമൂടിക്കെട്ടിയ ആളാണ്‌ നമ്മുടെ ന്യായ ചിഹ്നം. അതുകൊണ്ടുതന്നെ, നീതി നടക്കുന്നില്ല. എല്ലാവർക്കും ഒരേ നീതി അല്ല ആവശ്യം. സാഹചര്യം, ആർ, എന്തിനുവേണ്ടി എന്നൊക്കെ നോക്കി വേണം നീതി നിശ്ചയിക്കാൻ. നല്ലതിനു വേണ്ടി ചെയ്യുന്ന അഴിമതിയുണ്ട്. കൊലപാതകം പോലുമുണ്ടെന്ന്‌ ഞാൻ വിശ്വസിക്കുന്നു. മനുഷ്യനാണ്‌ പ്രധാനം. നിയമമല്ല.

subid.

No comments:

Post a Comment